Kuwait Yahalaa festival; ഡ്രോൺ പ്രദർശനം, വെടി ക്കെട്ട് കൈ നിറയെ സമ്മാനങ്ങൾ നേടാം;കുവൈറ്റിൽ ‘യാ ഹല’ ഫെസ്റ്റിവലിനു തുടക്കം
Kuwait Yahaala festival; കുവൈത്ത് സിറ്റി : കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവലിനു ഔദ്യോഗിക തുടക്കം. ‘യാ ഹല’ എന്ന പേരിൽ സർക്കാർ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ നിർവഹിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ എല്ലാ പ്രധാന മാളുകളും വിപണികളും കേന്ദ്രീകരിച്ചു നടക്കുന്ന ഫെസ്റ്റിവൽ മാർച്ച് 31 വരെ നീണ്ടു നിൽക്കും. കുവൈത്തിനെ ഒരു സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് “യാ ഹാല” എന്ന് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ വ്യക്തമാക്കി.. കുവൈത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളും വാണിജ്യ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനകം 6,500-ൽ അധികം കമ്പനികളാണ് ഫെസ്റ്റിവലിൽ പങ്കാളികളാകാൻ രെജിസ്റ്റർ ചെയ്തിരിക്കുന്നത്.രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്.ഫെസ്റ്റിവൽ അനുബന്ധിച്ച് ഉപഭോക്താകൾക്ക് നിരവധി സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെസ്റ്റിവലിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കാളികളാകാവുന്നതാണ് .പ്രതിവാര നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് റേഞ്ച് റോവർ, ബി.എം.ഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ലെക്സസ്, മസെരാട്ടി തുടങ്ങി10 ആഡംബര കാറുകൾ വീതം സമ്മാനമായി നൽകും. പ്രതിവാര നറുക്കെടുപ്പിൽ ഒരു ലക്ഷം ഡോളർ വീതമുള്ള ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. 120 ആഡംബര കാറുകളും പത്ത് ലക്ഷം ഡോളർ ക്യാഷ് പ്രൈസുമാണ് പത്ത് ആഴ്ച നീണ്ട് നിൽക്കുന്ന നറുക്കെടുപ്പിൽ ആകെ സമ്മാനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച മറ്റു നിരവധി സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.നിരവധി സാംസ്കാരിക പരിപാടികളും ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്..ഡ്രോൺ പ്രദർശനം, വെടി ക്കെട്ട് മുതലായ പരിപാടികളും വിവിധ പ്രദേശങ്ങളിൽ അരങ്ങേറും.പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങൾ ഇതിനകം പത്ത് മില്യൻ പേരാണ് കണ്ടു കഴിഞ്ഞത്.
Comments (0)