Posted By Nazia Staff Editor Posted On

ഗള്‍ഫില്‍ ഇനി കുവൈത്ത് കുതിക്കും: പുതുതായി കണ്ടെത്തിയത് വമ്പന്‍ ക്രൂഡ് ഓയില്‍ ശേഖരം

കുവൈത്ത് സിറ്റി: ക്രൂഡ് ഓയില്‍ പര്യവേക്ഷണത്തില്‍ നിർണ്ണായക കണ്ടെത്തലുമായി കുവൈത്ത്. സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് ഓയിൽ കമ്പനി (കെഒസി) അൽ-ജ്ലായാ ഓഫ്‌ഷോർ ഫീൽഡിൽ വലിയ തോതിലുള്ള ക്രൂഡ് ഓയില്‍, പ്രകൃതി വാതക ശേഖരത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. വന്‍തോതിലുള്ള വാണിജ്യ അളവിലുള്ള ഹൈഡ്രോകാർബണുകളാണ് മേഖലയില്‍ കണ്ടെത്തിയിരിക്കുന്നത്.

74 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശത്തെ കരുതൽ ശേഖരത്തിൽ 800 ദശലക്ഷം ഇടത്തരം ബാരൽ ക്രൂഡ് ഓയിലും 600 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി പ്രകൃതി വാതകവും അടങ്ങിയിരിക്കുന്നുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് വാർത്താ ഏജൻസി തന്നെ വ്യക്തമാക്കുന്നു. മേഖലയില്‍ കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതി വാതകവും കണ്ടെത്താനുള്ള സാധ്യതയും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്.

പുതിയ കണ്ടെത്തല്‍ കുവൈത്തിന് സാമ്പത്തിക മേഖലയില്‍ അടക്കം വലിയ കുതിപ്പുണ്ടാക്കും എന്നതില്‍ സംശയമില്ല. 2024 ജൂലൈയിൽ അൽ-നൊഖാത ഫീൽഡിൽ 3.2 ബില്യൺ ബാരൽ എണ്ണയ്ക്ക് തുല്യമായ ക്രൂഡ് ഓയില്‍ ശേഖരവും കുവൈത്ത് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അൽ-ജ്ലായാ ഓഫ്‌ഷോർ ഫീൽഡിലേയും അധിക ക്രൂഡ് ഓയില്‍ ശേഖരത്തിന്റേയും പ്രകൃതിവാതകത്തിന്റേയും സാന്നിധ്യം കണ്ടെത്തിയത്.

രാജ്യത്തിന്റെ അതിർത്തിക്കുള്ളില്‍ പുതിയ ഹൈഡ്രോകാർബൺ റിസർവുകൾ കണ്ടെത്തുന്നതിനായി 6,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള വിപുലമായ ഒരു പര്യവേക്ഷണ സർവേ പ്രോജക്ടാണ് കുവൈത്ത് ഓയില്‍ കമ്പനി നടത്തി വരുന്നത്. ഒപെക്കിലെ അഞ്ചാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമായ കുവൈത്തിന് പ്രതിദിനം 2.48 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ ഉൽപ്പാദന ശേഷിയാണുള്ളത് (ബി പി ഡി). 2035-ഓടെ ശേഷി നാല് ദശലക്ഷം ബി പി ഡി ആയി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൂടുതല്‍ അടുപ്പിക്കും എന്നതിലും സംശയമില്ല.

രാജ്യത്തിന്റെ എണ്ണ ഉൽപ്പാദനശേഷി 40 ശതമാനം വരെ വർധിപ്പിക്കാൻ രാജ്യം പദ്ധതിയിടുന്നതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറും കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി സിഇഒയുമായ ഖാലിദ് അൽ സബാഹും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഒപെക്കിൻ്റെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതും എണ്ണ ഇതര മേഖലകളിലെ പ്രവർത്തനത്തിലെ കുറവും കാരണം 2024 മൂന്നാം പാദത്തിൽ ഗൾഫ് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം 4 ശതമാനം കുറഞ്ഞു. ക്രൂഡ് ഉല്‍പാദനം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലൂടെ 2025 ഓടെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന് കുവൈത്ത് പ്രതീക്ഷിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *