
പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ നിബന്ധനവുമായി കുവൈത്ത്
പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പാം ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പുറപ്പെടുവിച്ചു. സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്.

അതായത്, കുടിയേറ്റ തൊഴിലാളികൾ, ജിസിസി പൗരന്മാർ, ബെദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരും പാമിന്റെ പുതിയ ഉത്തരവിൽ ഉൾപ്പെടും.വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് സ്പെഷൽ മേഖലയിലാണെങ്കിൽ അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകൾ കൂടെ സമർപ്പിക്കണം.
വിദ്യാഭ്യാസവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അക്രഡിറ്റേഷൻ അനുമതിയും ഉണ്ടെങ്കിൽ മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. തൊഴിലുടമകൾ അഷാൽ പോർട്ടൽ അല്ലെങ്കിൽ സാഹേൽ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്.അക്കാദമിക് യോഗ്യതയ്ക്ക് മൂന്ന് ഘടകങ്ങളുണ്ട്: ഡോക്ടറേറ്റ്, മാസ്റ്റേഴ്സ്, ബാച്ചിലേഴ്സ് അഥവാ ഡിപ്ലോമ.
കൂടാതെ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം. എൻജിനീയറിങ് പ്രഫഷനലുകൾക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നൽകുക. എന്നാൽ, നിലവിലുള്ള തസ്തിക മാറാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ തടസ്സമുണ്ടാകില്ല.

Comments (0)