രാജ്യത്ത് ചൊവ്വാഴ്ച മുതൽ താപനില കുത്തനെ ഉയരും. കാലാവസ്ഥയിൽ വസന്തകാലം അവസാനത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതായും വേനൽക്കാലം അടുക്കുന്നതായും ഉജൈരി ശാസ്ത്ര കേന്ദ്രം വ്യക്തമാക്കി.വസന്തകാലത്തിന്റെ അവസാനമായ ‘കന്ന’ സീസൺ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഈ കാലയളവ് വേനൽക്കാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു.

തുടർച്ചയായി 39 ദിവസം ഇത് നീണ്ടുനിൽക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന മൂന്നു ഘട്ടങ്ങളായി ഇതിനെ തിരിച്ചിട്ടുണ്ട്. ഈ സീസണിന്റെ വരവോടെ സൂര്യരശ്മികൾ കൂടുതൽ തീവ്രമാകും. താപനില കുത്തനെ ഉയരും. കനത്ത ക്ഷീണിപ്പിക്കുന്ന ചൂട്, പൊടിയുള്ള കാറ്റ്, മഴയുടെ സാധ്യത എന്നിവയും ഉണ്ടാകാം.‘കന്ന’ സീസൺ തുടക്കത്തിൽ പക്ഷികളുടെ കുടിയേറ്റം ആരംഭിക്കും.
സീസണിന്റെ മധ്യത്തിൽ താപനിലയിൽ കുത്തനെ വർധനവ് ഉണ്ടാകും. തുടർന്ന് മഴയുടെ സാധ്യത കുറയും. ഇത് വരൾച്ചയും ഉയർന്ന താപനിലയും വർധിപ്പിക്കും. അതേസമയം, രാജ്യത്ത് വെള്ളിയാഴ്ച മുതൽ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. താപനിലയിലും വർധനവുണ്ടായി. ഞായറാഴ്ച 37 ഡിഗ്രി സെൽഷ്യസായിരുന്നു ശരാശരി താപനില. ഇത് വെള്ളിയാഴ്ചയോടെ 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥ കണക്കുകൾ സൂചിപ്പിക്കുന്നു. രാത്രിയും താപനിലയിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്.