രാജ്യം പുനരുപയോഗ ഊർജ ത്തിന് മുൻഗണന നൽകുന്നതായും 2050 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗത്തിന്റെ 50 ശതമാനം ഇതുവഴിയാക്കൽ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വൈദ്യുതി, ജല, പുനരുപയോഗ ഊർജ വിഭവ മന്ത്രി ഡോ.സബീഹ് അൽ മുഖൈസീം.കുവൈത്ത് സുസ്ഥിര ഊർജ സമ്മേളനത്തിലും അനുബന്ധ പ്രദർശനത്തിലും നടത്തിയ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പരാമർശം.
ലോകം നേരിടുന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ വെല്ലുവിളികൾ മറികടക്കാൻ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം ആവശ്യമാണ്. ശുദ്ധമായ ഊർജം ഉപയോഗിച്ച് കുവൈത്ത് പരിസ്ഥിതി സൗഹൃദ പദ്ധതികൾ വികസിപ്പിക്കുന്നത് തുടരുകയാണെന്നും ഡോ.സബീഹ് അൽ മുഖൈസീം വ്യക്തമാക്കി. ശുദ്ധമായ ഊർജ സ്രോതസ്സുകൾക്കായി പ്രായോഗികവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് സഹകരണത്തിന്റെയും വൈദഗ്ധ്യ കൈമാറ്റത്തിന്റെയും അടിസ്ഥാനത്തിൽ ഒരു ഏകീകൃത തന്ത്രം സ്വീകരിക്കാൻ മന്ത്രി അൽ മുഖൈസീം ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച അവസാനിക്കുന്ന സമ്മേളനത്തിൽ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ നേതൃത്വം നൽകുന്ന വർക്ക്ഷോപ്പുകൾ, സെഷനുകൾ തുടങ്ങിയ പരിപാടികൾക്ക് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക