
കുവൈത്ത് ചരിത്രത്തിലെ ഇരുണ്ട അധ്യായം, ഇറാഖി അധിനിവേശത്തിന് 35 വയസ്സ്, നടുക്കുന്ന ഓർമ്മകളിൽ രാജ്യം
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു കാലഘട്ടത്തെ അനുസ്മരിച്ച് കുവൈത്ത്. 35 വർഷം മുൻപ് നടന്ന ക്രൂരമായ ഇറാഖി അധിനിവേശത്തിന്റെ വേദനിക്കുന്ന ഓർമ്മകളിലൂടെയാണ് ഈ വാരാന്ത്യം കടന്നുപോകുന്നത്. 1990-ൽ ഇറാഖി സൈന്യം നടത്തിയ ക്രൂരമായ അധിനിവേശത്തിന്‍റെ 35-ാം വാർഷികം കുവൈത്ത് ഇന്ന് ആചരിക്കുകയാണ്.
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്ന ഈ സംഭവം. കുവൈത്തിനെ മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഐക്യദാർഢ്യത്തിന്‍റെ പ്രതീകം കൂടിയാണ്. 1990 ഓഗസ്റ്റ് 2-ന് ആരംഭിച്ച ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കുവൈത്തിന്റെ പരമാധികാരത്തിന് നേരെയുള്ള അതിക്രമവുമായിരുന്നു. ഒരു സൈനിക ആക്രമണം എന്നതിലുപരി, മേഖലയിൽ സമാനതകളില്ലാത്ത ഒരു മാനുഷിക ദുരന്തമായിരുന്നു ഇറാഖ് അധിനിവേശം. ഓരോ പൗരന്റെയും മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ഒരു ദുരിതപൂർണ്ണമായ കാലഘട്ടത്തിന് അത് തുടക്കം കുറിച്ചു.
ഓരോ കുവൈത്തിയുടെ ഹൃദയത്തിലും മായാത്ത മുറിപ്പാടുകൾ അവശേഷിപ്പിച്ച ആ സംഭവം, ദേശീയവും അറബ് ലോകവും അന്തർദേശീയവുമായ ഓർമ്മകളിൽ ഒരു ദുരന്തമായി നിലകൊള്ളുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും എല്ലാ മാനുഷിക, നയതന്ത്ര ഉടമ്പടികളുടെയും നഗ്നമായ ലംഘനമായിരുന്നു ഇറാഖിൻ്റെ അധിനിവേശം. ഈ വാർഷിക ദിനം, അധിനിവേശ കാലത്ത് കുവൈത്തി ജനത പ്രകടിപ്പിച്ച ദൃഢതയുടെയും ഐക്യദാർഢ്യത്തിന്റെയും ത്യാഗത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്നു.


Comments (0)