കുവൈത്തിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി പോലീസിൽ രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന പരാതികൾ അന്വേഷിക്കുന്നതിനും ആരോപണം വിധേയരായ അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും വിളിച്ചുവരുത്തുന്നതിനും പുതിയ സംവിധാനം വികസിപ്പിക്കാൻ വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങൾ തീരുമാനിച്ചു.

അധ്യാപകരുടെ അന്തസ്സ് ഉയർത്തി പിടിക്കുന്നതിനും പരാതികളുടെ രഹസ്യാത്മകത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് സാഹൽ ആപ്പ് വഴിയാണ് പുതിയ സംവിധാനം, നടപ്പിലാക്കുന്നത്.
കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും എതിരെ രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് പരാതികളുടെയും അവയുടെ റിപ്പോർട്ടുകളുടെയും പുനർ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
നിലവിൽ രക്ഷിതാക്കളിൽ നിന്ന് അധ്യാപകർക്ക് എതിരെ പരാതി ലഭിച്ചാൽ ആരോപണ വിധേയരായ അധ്യാപകരെ വിളിച്ചുവരുത്തുന്നതിന് ഏകദേശം രണ്ടാഴ്ചത്തെ സമയം എടുക്കുന്നു,.ഇത് പരാതികൾ കൈകാര്യം ചെയ്യുന്ന വേഗതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ നിർദിഷ്ട സംവിധാനം പ്രകാരം പുനർ നടപടികൾ ത്വരിതപ്പെടുത്തുവാനും റിപ്പോർട്ടുകളുടെ രഹസ്യാത്മകത ഉറപ്പാക്കുന്നതിനും ഇരു കക്ഷികൾക്കിടയിൽ സൗഹാർദ്ദപരമായ പരിഹാരം സാധ്യമാക്കുന്നതിനും സഹായകമാകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതികൾ മന്ത്രാലയത്തിന്റെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടാണ് സമർപ്പിക്കേണ്ടത്.