
Amal missing case in kuwait;കാണാമറയത്ത് അപ്രത്യക്ഷനായി ഇപ്പോഴും അമൽ:പിടയുന്ന മനസ്സോടെ കുടുംബം കാത്തിരിക്കുന്നു, സൗദിയിൽ അന്വേഷിക്കണമെന്ന് പിതാവ്
Amal missing case in kuwait;കുവൈത്ത് സിറ്റി∙ ഈ പെരുന്നാളിനെങ്കിലും പൊന്നുമോന്റെ ഒരു ഫോൺവിളി പ്രതീക്ഷിച്ച് കണ്ണൂര് ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയിൽ സുരേഷ് കുമാറും കുടുംബവും കാത്തിരിക്കുകയായിരുന്നു. കപ്പലപകടത്തെത്തുടർന്ന് കാണാതായ മകൻ അമൽ കെ. സുരേഷിനെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാതായിട്ട് ഏഴ് മാസം പിന്നിട്ടു. പിടയുന്ന മനസ്സോടെ, ഉള്ളിലെ നീറ്റലോടെ, നൊമ്പരത്തോടെ ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. തങ്ങളുടെ പൊന്നുമോൻ സൗദിയിലോ കുവൈത്തിലോ മറ്റേതെങ്കിലും രാജ്യത്ത് ജീവനോടെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേഷും കുടുംബവും.

കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കുവൈത്ത്-സൗദി സമുദ്രാതിർത്തിയിൽ ഇറാൻ ചരക്കുകപ്പലായ അറബ് അക്തർ അപകടത്തിൽപ്പെട്ടത്. കപ്പലിൽ ആറ് ജീവനക്കാരാണുണ്ടായിരുന്നത് – മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാൻ സ്വദേശികളും. അവരിൽ ഒരാളായിരുന്നു അമൽ.
അപകടത്തെത്തുടർന്ന് കുവൈത്ത് നാവിക-തീരദേശ സേന നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയും അവ കുവൈത്തിൽ എത്തിക്കുകയും ചെയ്തു. ഇതിൽ, ഇന്ത്യക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. തൃശൂർ മണലൂർ സ്വദേശി വിളക്കോത്ത് ഹരിദാസിന്റെ മകൻ ഹനീഷും, പശ്ചിമ ബംഗാൾ സ്വദേശിയുടേതുമായിരുന്നു തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. എന്നാൽ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ് ആയെന്ന മറുപടി മാത്രമാണ് അമലിന്റെ കുടുംബത്തിന് ലഭിച്ചത്. അപകടത്തിൽ കാണാതായ ഡെക്ക് ഓപ്പറേറ്റർ അമൽ കെ. സുരേഷിനെക്കുറിച്ചോ, അറബ് അക്തറിന്റെ ക്യാപ്റ്റനായിരുന്ന ഇറാൻ സ്വദേശി ഹമീദ് ഗിന്നത്തിനെക്കുറിച്ചോ ഇതുവരെ ഒരു ലഭ്യമല്ല.
∙പ്രതീക്ഷ ഷിപ്പിങ് ഡിജിയിൽ
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവർക്ക് എല്ലാം ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന അമലിന്റെ പിതാവ് സുരേഷ് പരാതി നൽകിയിട്ടുണ്ട്. മകനെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാനായി കഴിഞ്ഞ നവംബർ മാസം സുരേഷ് മുംബൈയിലെ ഷിപ്പിങ് മന്ത്രാലയം ഡയറക്ടർ ജനറലിന് നേരിട്ടും പരാതി നൽകി. സെയിലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി പി. വീട്ടിൽ മുഖേനയായിരുന്നു പരാതി നൽകിയത്. അന്വേഷണത്തിന് ക്രൂ ബാഞ്ച് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം കാലതാമസം നേരിടുകയാണ്.
അപകടത്തിൽപ്പെട്ട കപ്പലിലെ ക്യാപ്റ്റൻ ഹമീദ് ഗിന്നത്തിന്റെ പിതാവ് മുഹമ്മദ് ഗിന്നത്തും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ലഭിച്ച വിവരമനുസരിച്ച് രണ്ടുപേർ സൗദി കോസ്റ്റൽ ഏരിയയിൽവച്ച് അപകട സമയത്ത് കപ്പലിൽനിന്ന് ചാടിയതായി പറയപ്പെടുന്നു. അത് ചിലപ്പോൾ ഹമീദും അമലുമാകാം എന്ന് മുഹമ്മദ് ഗിന്നത്ത് രവി വീട്ടിലിനോട് പറഞ്ഞിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ഡിജിക്ക് സൗദിയിൽ പോയി അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിച്ച് സുരേഷ് പരാതി നൽകിയത്.
∙ കപ്പൽ കമ്പനി വിവരങ്ങൾ മറച്ചുവച്ചു
2024 ജനുവരി 21ന് എർത്ത് ഓഷ്യൻ എന്ന മുംബൈ ഏജൻസി വഴിയാണ് 26 വയസ്സുകാരനായ അമൽ കരാറടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഏജൻസി ഇടയ്ക്ക് വച്ച് അമൽ അടക്കമുള്ള ഡെക്ക് ഓപ്പറേറ്റർമാരെ മറ്റ് ചരക്കുകപ്പലിലേക്ക് മാറ്റിയതായി ഷിപ്പിങ് മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ നടക്കുന്നുണ്ടെങ്കിൽ 24 മണിക്കൂറിനകം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന നിബന്ധനയും ഏജൻസി പാലിച്ചിട്ടില്ല.

Comments (0)