
ഒരു രണ്ടാഴ്ച്ച കൂടി ചൂട് സഹിക്കൂ ; രാജ്യത്ത് വേനൽക്കാലം അവസാനഘട്ടത്തിലേക്ക്
കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽക്കാലം അവസാനഘട്ടത്തിലേക്ക്. തിങ്കളാഴ്ച മുതൽ ‘കുലൈബിൻ’ സീസൺ ആരംഭിക്കും. ഇതോടെ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.13 ദിവസം നീണ്ടുനിൽക്കുന്നതാണ് ‘കുലൈബിൻ’ സീസൺ. രാജ്യത്ത് തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതിനു മുമ്പുള്ള കൊടും ചൂടിന്റെ അവസാന ഘട്ടമായാണ് ഇതിനെ കണക്കാക്കുന്നത്.വേനൽക്കാലത്തിന്റെ അവസാനം, സുഹൈൽ നക്ഷത്രത്തിന്റെ ആഗമനം എന്നിവക്ക് ഇടയിലുള്ള പരിവർത്തന ഘട്ടമാണിത്. കാലാവസ്ഥ മാറ്റത്തിന്റെ കൃത്യമായ സൂചനകളും ഈ ഘട്ടത്തിലുണ്ടാകും. ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും ഉയരും. ഇത് താപനിലയിൽ ക്രമേണ കുറവുണ്ടാക്കും. ‘കുലൈബിൻ’ ഘട്ടത്തിൽ തെക്കുകിഴക്കൻ കാറ്റുകൾ ശാന്തമാകുമെന്നും ഇത് ഭൂമിയുടെ തണുപ്പിന് കാരണമാകുമെന്നും അൽഉജൈരി സയന്റിഫിക് സെന്റർ സൂചിപ്പിച്ചു.
13 ദിവസത്തെ സീസൺ അവസാനിക്കുന്നതോടെ കാലാവസ്ഥ കൂടുതൽ മിതമാവുകയും പകൽ താപനില കുറയാൻ തുടങ്ങുകയും ചെയ്യും.സെപ്റ്റംബറിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങും. ഒക്ടോബറിലും നവംബർ പകുതിവരെയും രാജ്യത്ത് മിതശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പുകാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.അതേസമയം, രാജ്യത്ത് വ്യാഴാഴ്ച അന്തരീക്ഷം ഈർപ്പമുള്ളതും മേഘാവൃതവുമായിരുന്നു. ആകാശം ചില സമയങ്ങളിൽ മൂടിക്കെട്ടിയ നിലയിൽ കാണപ്പെട്ടു. വെള്ളിയാഴ്ചയും ഇതേനില തുടരുമെന്നാണ് സൂചന.പകൽ താരതമ്യേന ചൂടും ഈർപ്പവും ആയിരിക്കുമെന്നും രാത്രിയിലും ഇതേനില തുടരുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ചില സമയങ്ങളിൽ ഇടിമിന്നലുള്ള മഴക്കും സാധ്യതയുണ്ട്.


Comments (0)