വാർത്തകൾ വേഗത്തിലും കൃത്യതയോടെയും അറിയാൻ ജി.സി.സി വാർത്ത ഏജൻസികളുടെ സംയുക്ത ആപ്ലിക്കേഷൻ ഒരുങ്ങുന്നു. ആപ്ലിക്കേഷന്റെ പരീക്ഷണാത്മക പതിപ്പ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വാർത്ത വിനിമയ മന്ത്രിമാർ ചേർന്ന് പുറത്തിറക്കി. സ്മാർട്ട് ഫോണുകളിലും ഡിവൈസുകളിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്.
കുവൈത്തിൽ നടന്ന ജി.സി.സി വാർത്ത വിനിമയ മന്ത്രിമാരുടെ യോഗത്തിലാണ് ആപ് പുറത്തിറക്കിയത്. ജി.സി.സി വാർത്ത ഏജൻസികളിൽ നിന്നുള്ള ഔദ്യോഗിക വാർത്തകൾ നേരിട്ട് അറിയാനും, ജി.സി.സി ടി.വി ചാനലുകളും റേഡിയോയും കാണാനും, ഫോട്ടോ ആർകേവുകളും വിഡിയോകളും കാണാനും കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷൻ. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും എ.ഐയും ഉപയോഗിച്ചാണ് ആപ്ലിക്കേഷൻ രൂപകൽപന. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ഗൾഫ് ഉപയോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകുക, ഡിജിറ്റൽ മീഡിയ രംഗത്തെ ത്വരിതഗതിയിലുള്ള വികസനങ്ങൾക്കൊപ്പം നീങ്ങുക, ജി.സി.സി വാർത്ത ഏജൻസികൾക്കിടയിൽ സഹകരണവും ഏകോപനവും വർധിപ്പിക്കുക എന്നിവയെല്ലാമാണ് ആപ്പിന്റെ ലക്ഷ്യം. യോഗത്തിൽ കുവൈത്ത് വാർത്താവിനിമയ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി അധ്യക്ഷതവഹിച്ചു.