Posted By Greeshma venu Gopal Posted On

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ നടപ്പിലാക്കിയ ഗതാഗത നിയമ ഭേദഗതികളും എ.ഐ കാമറകളുടെ ഉപയോഗവും റോഡ് അപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായി വാഹനമോടിക്കൽ, റെഡ് സിഗ്‌നൽ ലംഘനങ്ങൾ തുടങ്ങിയവയിൽ 83 ശതമാനം കുറവുണ്ടായി. സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ നിയമലംഘനങ്ങളിൽ 75 ശതമാനം കുറവും മാരകമായ വാഹനാപകടങ്ങളിൽ 55 ശതമാനം കുറവും ഉണ്ടായി. ആഭ്യന്തര മന്ത്രാലയം ഈ വർഷം നടപ്പിലാക്കിയ നിയമ, ഡിജിറ്റൽ, സുരക്ഷാ പരിഷ്കാര അവലോകനത്തിൽ മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024ൽ ഒരു ദിവസം ശരാശരി 300 അപകടങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിൽ 90 ശതമാനവും ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലനം മൂലമായിരുന്നു. ഭേദഗതികൾ ഡ്രൈവർമാർക്കിടയിൽ അവബോധം വർധിപ്പിച്ചു. ഇത് അപകട നിരക്കിൽ കുറവുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടികാട്ടി. ഈ വർഷം ഏപ്രിൽ 22നാണ് കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കൽ, സ്മാർട്ട് സുരക്ഷാ-ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കൽ, നിയമലംഘനങ്ങൾ കുറക്കൽ, അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ നിയന്ത്രിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിമയങ്ങളും പിഴകളും കർശനമാക്കിയതോടെ റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 143 ആയിരുന്നു. ഈ വർഷം ഇത് 94 ആയി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *