കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കാര്യങ്ങളുടെ പേരിലുള്ള പണപ്പിരിവിന് വിലക്ക് ഏർപ്പെടുത്തി

കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി.വിദ്യാഭ്യാസ മന്ത്രാലയത്തിലെ വികസന വിഭാഗം അണ്ടർസെക്രട്ടറി മറിയം അൽ അൻസിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇത് പ്രകാരം സ്വകാര്യ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളിൽ നിന്നോ, രക്ഷിതാക്കളിൽ നിന്നോ, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് യാതൊരു വിധ പണപ്പിരിവുകളും നടത്താൻ പാടുള്ളതല്ല.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടു ത്തുന്നതിന്റെ ഭാഗമായി സാമൂഹിക, ശിശു കുടുംബ ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും അവർ അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തങ്ങളുടെ സ്വഭാവത്തിലുള്ളതും സംഭാവനകൾ ശേഖരിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് സംഘടിപ്പിക്കുന്നതുമായ പ്രദർശനങ്ങൾക്കും പരിപാടികൾക്കും നിരോധനം ബാധകമാണ്.നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമ പരമായ നടപടികൾ സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version