
Kuwait hala lucky draw case: കുവൈത്തിൽ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് ഈ ഉദ്യോഗസ്ഥന്റെ തലച്ചോറ്
Kuwait hala lucky draw case;കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് പുറത്തു കൊണ്ടു വന്ന നവാഫ് അൽ-നാസർ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന് കുവൈത്തി സമൂഹത്തിൽ നിന്നും അഭിനന്ദന പ്രവാഹം.

ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷാ വിഭാഗത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന ഈ യുവാവ് വ്യക്തി പരമായി നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറം ലോകം അറിയാൻ കാരണമായത്. തന്റെ ജോലിയുടെ ഭാഗം അല്ലാതിരുന്നിട്ടും സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ട വിവരങ്ങൾ രാജ്യ താല്പര്യം മുൻ നിർത്തി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയായിരുന്നു ഇദ്ദേഹം. ആക്റ്റിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് നേരിട്ട് വിളിപ്പിച്ചണ് ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായി പ്രശംസാ പത്രം കൈമാറിയത്. ഹല ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എട്ടാമത്തെ നറുക്കെടുപ്പിലെ ഭാഗ്യ പരീക്ഷണത്തിന് കൂപ്പണുകൾ നിക്ഷേപിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന ആയിരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹവും.ഇത് കൊണ്ട് തന്നെ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം ഇദ്ദേഹവും വീക്ഷിച്ചിരുന്നു.നറുക്കെടുപ്പ് നടത്തിയ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ സംശയകരമായ ചില നീക്കങ്ങൾ ദൃശ്യങ്ങൾ വഴി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നറുക്കെടുപ്പ് വീഡിയോ ആവർത്തിച്ച് നോക്കാൻ തീരുമാനിച്ചത്..ദൃശ്യങ്ങളിൽ സംശയകരമായ ഭാഗങ്ങൾ ഘട്ടം ഘട്ടമായി ആവർത്തിച്ചു പരിശോധിച്ചതോടെ നറുക്ക് ലഭിച്ച കൂപ്പണിൽ ഉദ്യോഗസ്ഥൻ തിരിമറി നടത്തുന്നത് വ്യക്തമാകുകയും ചെയ്തു. വലതു കൈപത്തിയിൽ മുറുകെ പിടിച്ച പേനയുമായി ഇടതു കൈ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥൻ നറുക്കെടുപ്പ് നടത്തിയത്.. ഇതിനു ശേഷം തന്റെ വലതു കൈപത്തിയിൽ പിടിച്ച പേനയോടൊപ്പം നേരത്തെ ഒളിപ്പിച്ച മറ്റൊരു കൂപ്പൺ ഇടതു കയ്യിലേക്ക് മാറ്റുകയും നറുക്ക് വീണ യതാർത്ഥ കൂപ്പൺ വസ്ത്രത്തിന്റ വലതു കൈതിരയിലേക്ക് മാറ്റുകയുമായിരുന്നു.. വലതു കയ്യിൽ പിടിച്ച പേന ഇടതു കയ്യിലേക്ക് മാറ്റുകയാണെന്ന് സ്വാഭാവികമായി തോന്നിപ്പിക്കുന്ന രീതിയിലാണ് ഇരു കൂപ്പണുകളും ഇയാൾ ഇരു കൈകളിൽ നിന്നും പരസ്പരം മാറ്റിയത്. .ഈ സമയത്ത് ഉദ്യോഗസ്ഥന്റെ മുഖത്ത് പരിഭ്രാന്തി പ്രകടമായിരുന്നു.നറുക്കെടുപ്പിൽ പങ്കെടുത്ത സംഘാടകർക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനി ടയിൽ ക്യാമറയിൽ നോക്കാതെയുള്ള ഇയാളുടെ നിൽപ്പും ദൃശ്യങ്ങളിൽ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും നവാഫ് അൽ നാസർ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ തന്റെ അമ്മാവനും കൂടെയുണ്ടായിരുന്നു. ദൃശ്യങ്ങളിലെ തന്റെ നിഗമനങ്ങൾ അദ്ദേഹവും അംഗീകരിച്ചു. ഇതോടെയാണ് അധികൃതരെ വിവരം അറിയിക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ വിവരം മറ്റു ചിലരുമായി പങ്കു വെച്ചെങ്കിലും നിരുത്സാഹപ്പെടുത്തുകയായിരുന്നു അവർ.. ജോലിയുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യമായതിനാൽ വിഷയത്തിൽ ഇടപെടെണ്ട തില്ലന്നായിരുന്നു അവരുടെ വാദം. ഒടുവിൽ രാജ്യ താല്പര്യം മുൻനിർത്തി ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറുവാൻ തീരുമാനിക്കുകയായിരുന്നു.. ഇതെ തുടർന്നാണ് വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചതും തട്ടിപ്പിന്റെ വ്യാപ്തി അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നതും.. എന്തായാലും ആഭ്യന്തര മന്ത്രിയിൽ നിന്ന് നേരിട്ട് അഭിനന്ദനം ഏറ്റു വാങ്ങിയ ഈ ഉദ്യോഗസ്ഥൻ കുവൈത്തി സമൂഹത്തിനിടയിലും ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്.

Comments (0)