
വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ; കുവൈറ്റിൽ കർശന നിയമം വരുന്നു
വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നാസർ അൽ-സുമൈത് വ്യക്തമാക്കി. ആഗോള മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്തും വിസ തട്ടിപ്പുകളും തടയാൻ കുവൈത്തിൽ ഒരു സ്ഥിരം ദേശീയ സമിതി പ്രവർത്തിക്കുന്നുണ്ട്. പ്രതിരോധം, നിയമനിർമ്മാണം, പരിചരണം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സുതാര്യതയും ഉത്തരവാദിത്തവും അടിസ്ഥാനമാക്കിയുള്ള ഒരു സമഗ്ര സമീപനമാണ് കുവൈത്ത് സ്വീകരിക്കുന്നത്.
പുതിയ അന്താരാഷ്ട്ര മാറ്റങ്ങൾക്കും ഡിജിറ്റൽ ലോകത്തിന്റെ വെല്ലുവിളികൾക്കും അനുസരിച്ച് ഈ കുറ്റകൃത്യങ്ങളെ ചെറുക്കാൻ അത്യാധുനിക രീതികളും ഉപകരണങ്ങളും കുവൈത്ത് വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ആദ്യപടിയായി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി സാമൂഹിക പങ്കാളിത്തത്തിനും മാധ്യമങ്ങളുടെ ഉത്തരവാദിത്തത്തിനും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


Comments (0)