
കുവൈറ്റ് റോഡുകളിലെ മൊബൈൽ റഡാർ പരിശോധന ; 225 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, പിടിക്കപ്പെട്ടവരിൽ കൗമാരക്കാരായ കുട്ടികളും
റസിഡൻഷ്യൽ സിറ്റി റോഡിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഗതാഗത പരിശോധനയിൽ 225 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. എട്ടു പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇതിൽ പിടികിട്ടാപ്പുള്ളികളും ഉൾപ്പെടുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് വാറണ്ട് ഉള്ള ഒരാളെയും അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ച ഏഴു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. നിയമലംഘകരെ പിടികൂടുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും നിരന്തര പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഗുരുതരമായ നിയമലംഘനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ ഗവർണറേറ്റുകളിലും ദൈനംദിന ഗതാഗത ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. സ്വന്തം ജീവനും റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കുന്ന വ്യക്തികളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് സിഗ്നലുകളും അടയാളങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.


Comments (0)