Posted By Nazia Staff Editor Posted On

kuwait power cut;ചൂട് കനക്കുന്നതിന് മുമ്പേ കുവൈറ്റില്‍ ഈ സ്ഥലങ്ങളിൽ പവര്‍കട്ട് തുടങ്ങി; ഇത്തവണ വൈദ്യുതി ചാര്‍ജ്ജ് കൂട്ടുമോ?

Kuwait power cut;കുവൈറ്റ് സിറ്റി: രാജ്യത്ത് വേനല്‍ കനക്കുന്നതിന് മുമ്പ് തന്നെ പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ ആരംഭിച്ച് കുവൈറ്റ്. അത്യുഷ്ണം വരുന്നതിന് മുമ്പായി രാജ്യത്തെ വൈദ്യുതി ഉത്പാദന പ്ലാൻ്റുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിൻ്റെ ഭാഗമായാണ് രാജ്യത്തെ ചില കാര്‍ഷിക, വ്യാവസായിക മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

രാജ്യം കൊടും ചൂടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പു തന്നെ വൈദ്യുതി തടസ്സങ്ങള്‍ ആരംഭിച്ചതിൻ്റെ ആശങ്കയിലാണ് നിവാസികള്‍. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നാണെങ്കിലും വൈദ്യുതി നിര്‍മാണത്തിൻ്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കുവൈറ്റിന് സാധിക്കാത്തതിനാല്‍, ചൂട് കാലത്തെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാന്‍ എല്ലാ വര്‍ഷവും പ്രയാസപ്പെടുന്നതായാണ് അനുഭവം.

എന്നാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആ കാലത്തേക്ക് വൈദ്യുതി കരുതി വയ്ക്കുകയും വൈദ്യുതി നിര്‍മാണ കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണ സജ്ജമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ മുന്നോട്ടുപോവുന്നത്.

കൊടുചൂട് അനുഭവപ്പെടുന്ന കാലത്ത് വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെ വലിയ തോതില്‍ ദുസ്സഹമാക്കും എന്നതിനാല്‍ ഇത് മുന്‍കൂട്ടിക്കണ്ടാണ് ഇത്തവണത്തെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അത്യുഷ്ണ സമയത്ത് നിയന്ത്രിത രീതിയില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു.

പുതിയ അറ്റകുറ്റപ്പണികളുടെ ഭാഗമായി രാജ്യത്തെ അബ്ദുല്ല തുറമുഖം, ഷുവൈഖ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം വെട്ടിക്കുറച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വരാനിരിക്കുന്ന വേനല്‍ക്കാലത്തേക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി വൈദ്യുതി നിലയങ്ങള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തുന്നതെന്നും വൈദ്യുതി വിതരണത്തില്‍ ഇപ്പോള്‍ കാണുന്ന തടസ്സങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റില്‍ വലിയ തോതില്‍ സബ്‌സിഡിയോടെയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. നാമമാത്രമായ തുക മാത്രമാണ് ഉപഭോക്താക്കള്‍ വൈദ്യുതിക്കായി അടക്കേണ്ടിവരുന്നത്. വൈദ്യുതി ക്ഷാമത്തിന്റെ ഗൗരവം മനസ്സിലാക്കി ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കാറുണ്ടെങ്കിലും അതിന് വലിയ പ്രതിഫലനമുണ്ടാവാറില്ലെന്നാണ് പൊതുവായ നിരീക്ഷണം.

ഈ പശ്ചാത്തലത്തില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചാല്‍ മാത്രമേ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാവൂ എന്ന രീതിയിലുള്ള ശക്തമായ ആവശ്യം രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഈ ആവശ്യം കൂടുതല്‍ ശക്തമാവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. രാജ്യത്ത് പുതിയ പവര്‍ പ്ലാൻ്റുകള്‍ നിര്‍മിക്കണമെന്ന ശക്തമായ ആവശ്യമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ചൂട് കനക്കുന്നതിന് മുമ്പേ കുവൈറ്റില്‍ പവര്‍കട്ട് തുടങ്ങി; ഇത്തവണ വൈദ്യുതി ചാര്‍ജ്ജ് കൂട്ടുമോ?
രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഖത്തറില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം വാങ്ങുന്നതിന് കുവൈറ്റ് 15 വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പുവച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *