
വരുമാനത്തിലും സേവനത്തിലും ഇവൻ പുലി ; ഉയരത്തിൽ പറന്ന് കുവൈറ്റ് എയർവേസ്
വരുമാനത്തിലും സേവനത്തിലും ഉയരത്തിൽ പറന്ന് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ്.2025ലെ രണ്ടാം പാദത്തിൽ കുവൈത്ത് എയർവേയ്സ് 324 മില്യൺ യു.എസ് ഡോളർ വരുമാനം നേടി. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയാണ്.2025ലെ രണ്ടാം പാദത്തിൽ കുവൈത്ത് എയർവേസ് കോർപറേഷൻ 285 മില്യൺ യു.എസ് ഡോളറിന്റെ പ്രവർത്തന വരുമാനവും റിപ്പോർട്ട് ചെയ്തു. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ് കാണിക്കുന്നതെന്ന് കുവൈത്ത് എയർവേസ് വ്യക്തമാക്കി. പ്രവർത്തന ചെലവുകളിൽ 19.4 മില്യൺ യു.എസ് ഡോളർ കുറവും വന്നു. നേരത്തെയുള്ള ഇതേ കാലയളവിലെ അപേക്ഷിച്ച് 20 ശതമാനം കുറവാണിത്.2025ലെ രണ്ടാം പാദത്തിൽ കുവൈത്ത് എയർവേസിന്റെ പുറപ്പെടൽ വിമാനങ്ങളുടെ എണ്ണം 7,063 ആയി.
മുൻപാദത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയാണ് ഇതിലുണ്ടായത്. കുവൈത്ത് എയർവേയ്സ് വഴിയുള്ള മൊത്തം യാത്രക്കാരുടെ എണ്ണം ഒരു ദശലക്ഷത്തിലുമെത്തി. 1953ൽ കുവൈത്ത് നാഷനൽ എയർവേസ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിതമായ കുവൈത്ത് എയർവേസ് 1954 മാർച്ചിൽ ആദ്യ വിമാന സർവിസുകൾ ആരംഭിച്ചു. 1962ൽ കുവൈത്ത് സർക്കാർ പൂർണമായും ഏറ്റെടുത്തു. എയർബസ് എ 321നിയോ വിമാനങ്ങൾ അടക്കം പുതിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ വിമാനങ്ങൾ കുവൈത്ത് എയർവേസിനുണ്ട്. ലോകത്തെ പ്രധാന രാജ്യങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും കുവൈത്തിൽനിന്ന് നേരിട്ട് സർവിസുമുണ്ട്.


Comments (0)