Posted By Greeshma venu Gopal Posted On

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്‍റ് തുറന്നടിച്ചു. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. എന്നാൽ ഞങ്ങൾ അവർക്കൊപ്പമില്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

“അതുകൊണ്ട് ഞങ്ങൾ 25 ശതമാനത്തിൽ ഒതുക്കി, പക്ഷേ അവർ റഷ്യൻ എണ്ണ വാങ്ങുന്നതുകൊണ്ട്, അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ഗണ്യമായി ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവർ യുദ്ധത്തിന് ഇന്ധനം നൽകുകയാണ്” ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച 25 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പുതിയ ഭീഷണി. ഇന്ത്യയും റഷ്യയും ക്ഷയിച്ച സാമ്പത്തിക ശക്തികൾ ആണെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യക്കെതിരെ ഈ ആഴ്ച വീണ്ടും രംഗത്തെത്തുകയായിരുന്നു.

തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും വലിയ ലാഭത്തിന് വിപണിയിൽ വിൽക്കുകയാണ് ചെയ്യുന്നത്. റഷ്യൻ യുദ്ധം കാരണം യുക്രെയ്നിൽ എത്ര ആളുകൾ കൊല്ലപ്പെടുന്നു എന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ചിന്തയുമില്ല. അതുകൊണ്ട്, ഇന്ത്യ യുഎസിന് നൽകുന്ന താരിഫ് ഞാൻ ഗണ്യമായി വർദ്ധിപ്പിക്കും

ഇതിനോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. യുഎസും യൂറോപ്യൻ യൂണിയനും യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, റഷ്യയും ട്രംപിന്‍റെ ഭീഷണിക്കെതിരെ രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാൻ ഇന്ത്യ പോലുള്ള തങ്ങളുടെ സഖ്യകക്ഷികളെ ട്രംപ് നിയമവിരുദ്ധമായി സമ്മർദ്ദത്തിലാക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശവും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *