
എണ്ണയെക്കുറിച്ചുള്ള ട്രംപിൻ്റെ പരാമർശം ; കുവൈറ്റിൽ എണ്ണ വില ഉയരുമോ ?
കുവൈത്ത് സിറ്റി: ആഗോള എണ്ണ വിതരണം, ഡിമാൻഡ് പ്രവണതകൾ, റഷ്യൻ എണ്ണയെക്കുറിച്ചുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമീപകാല പരാമർശങ്ങൾ എന്നിവ ഒപെക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് എണ്ണ മന്ത്രി താരിഖ് അൽ റൂമി. എണ്ണ വില ബാരലിന് 72 ഡോളറിൽ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ റൂമി പറഞ്ഞു. വിപണി ആരോഗ്യകരമാണ്, ഡിമാൻഡ് മിതമായ വേഗതയിൽ വളരുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശങ്ങൾ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്ന് ബുധനാഴ്ച എണ്ണവില ഒരു ശതമാനം ഇടിഞ്ഞ് എട്ട് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി തുടരുന്നത് ചൂണ്ടിക്കാട്ടി, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് അധിക തീരുവ ഏർപ്പെടുത്തുകയുമുണ്ടായി.
അതേസമയം, ഒപെകിൻ്റെ ഏറ്റവും പുതിയ കരാർ പ്രകാരം രാജ്യത്തിൻ്റെ ക്വാട്ട ഉൽപ്പാദനം പ്രതിദിനം 2.548 ദശലക്ഷം ബാരൽ ആണെന്നും കൂടുതൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സി.ഇ.ഒ പറഞ്ഞു.


Comments (0)