Posted By Greeshma venu Gopal Posted On

എല്ലാവരും ബുക്ക് ചെയ്യാൻ തിരയുന്നത് വിമാനത്തിലെ 11എ സീറ്റ് ; ‘ആ’ ജീവൻ രക്ഷിച്ച രക്ഷാ സീറ്റ്

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ജനത മുക്തരായിട്ടില്ല. 242 യാത്രക്കാരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ച ദുരന്തത്തിന്‍റെ ആഘാതത്തിന് പിന്നാലെ വിമാനത്തിലെ 11എ സീറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാരുടെ തിരക്കേറുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നു. വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരോയൊരു യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് ഇരുന്നത് 11എ സീറ്റില്‍ ആയിരുന്നു. എമര്‍ജന്‍സി എക്സിറ്റ് സമീപമുള്ള ഈ സീറ്റ് അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിച്ചെന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ ഈ സീറ്റ് ‘ലക്കി’ സീറ്റായാണ് പല യാത്രക്കാരും ഇപ്പോള്‍ കരുതുന്നതെന്ന് ‘ഖലീജ് ടൈംസി’ന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരില്‍ ചിലര്‍ ഇതോടെ 11എ സീറ്റ് ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഈ സീറ്റ് തന്നെ ലഭിക്കാനായി അധിക തുക നല്‍കാനും തയ്യാറാകുന്ന യാത്രക്കാരുണ്ടെന്നാണ് ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നത്. അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകാനിരിക്കുന്ന നമിത താക്കര്‍ എന്ന യുഎഇ പ്രവാസി തന്‍റെ ദുബൈ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ 11എ സീറ്റ് കിട്ടുമോയെന്ന് നോക്കുകയാണ്. മകനുമായി യാത്ര ചെയ്യുകയാണെന്നും മകനായി 11എ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും നമിത ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. അന്ധവിശ്വാസം കൊണ്ടല്ല, മറിച്ച് ഹൃദയഭേദകമായ ദുരന്തത്തിലും ആ സീറ്റ് നല്‍കിയ പ്രതീക്ഷയാണ് തനിക്ക് 11എ സീറ്റിനോടുള്ള താല്‍പ്പര്യമെന്നും അവര്‍ പറഞ്ഞു.

11എ സീറ്റ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും ആ സീറ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചും യാത്രക്കാര്‍ ബന്ധപ്പെടാറുണ്ടെന്ന് യുഎഇ ട്രാവല്‍ ഏജന്‍റുമാര്‍ വ്യക്തമാക്കി. 11-ാം നിരയിലെ 11എ സീറ്റിനായി ആവശ്യക്കാര്‍ കൂടുന്നു. ഈ സീറ്റിനായുള്ള താല്‍പ്പര്യം പെട്ടെന്ന് കൂടിയതായും 200 ദിര്‍ഹം ഈ സീറ്റിനായി മുടക്കാനും ആളുകള്‍ക്ക് പ്രശ്നമില്ലെന്നും നിയോ ട്രാവല്‍ ആന്‍ഡ് ടൂറിസം പാര്‍ട്ണര്‍ അവിനാശ് അദ്നാനി പറഞ്ഞു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version