ഇന്ത്യ സന്ദർശനം ഇനി എളുപ്പം; കുവൈത്ത് പൗരന്‍മാര്‍ക്ക് ഇ-വിസ സംവിധാനം തുടങ്ങി

കുവൈത്തിൽ താമസിക്കുന്ന പൗരൻമാർക്ക് ഇനി ഇന്ത്യ സന്ദർശിക്കാൻ എളുപ്പമാർഗമാണ് ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം. ഇന്ന് മുതൽ ഇ-വിസ സേവനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി കുവൈറ്റിന്റെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ നടപടിക്ക് വലിയ പ്രധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇ-വിസ സംവിധാനത്തിലൂടെ ബിസിനസ്, ടൂറിസം, ആയുഷ്-യോഗ ചികിത്സ, കോൺഫറൻസ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള വിസകൾക്ക് അപേക്ഷിക്കാം. അപേക്ഷാ കേന്ദ്രങ്ങളിൽ പോകേണ്ടതില്ല; www.indianvisaonline.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് മുഴുവൻ നടപടികളും പൂർത്തിയാക്കേണ്ടത്. ടൂറിസ്റ്റ് വിസയ്ക്ക് അഞ്ച് വർഷം, ബിസിനസ് വിസയ്ക്ക് ഒരു വർഷം, മെഡിക്കൽ വിസയ്ക്ക് 60 ദിവസം, കോൺഫറൻസ് വിസയ്ക്ക് 30 ദിവസം വരെ കാലാവധി ലഭിക്കും. വിസയുടെ തരം അനുസരിച്ച് 40 മുതൽ 80 ഡോളർ വരെ ഫീസ് വേണം. ആവശ്യമായ രേഖകളെല്ലാം വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ വിസ ലഭിക്കാമെന്നാണ് വിലയിരുത്തൽ.പേപ്പർ വിസ അപേക്ഷകൾക്കുള്ള സേവനം മുമ്പെപ്പോലെ തുടരും എന്നും, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കുവൈറ്റ് പൗരന്മാരുടെ ബയോമെട്രിക് വിരലടയാളങ്ങൾ ശേഖരിക്കുമെന്നും എംബസി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version