വീട്ടുതടങ്കലിൽ ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട്, കുവൈത്തിൽ ജോലിക്കു പോയ യുവതിയുടെ വിഡിയോ സന്ദേശം. ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) വിഡിയോയിൽ പറയുന്നത്.

കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസർകോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിൻസി എന്നിവർ ചേർന്നു തന്നെ കുവൈത്തിൽ എത്തിച്ചതെന്നു ഫസീല പറയുന്നു.
നാട്ടിൽ ഹോം നഴ്സിങ് സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണു തിരുവനന്തപുരം സ്വദേശിനി ജിജിയെ പരിചയപ്പെട്ടതെന്നും കുവൈത്തിൽ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നൽകി പണം കൈപ്പറ്റി ഖാലിദിനെയും ബിൻസിയെയും പരിചപ്പെടുത്തിയെന്നും പീന്നീട് ഇവർ കുവൈത്തിൽ എത്തിക്കുകയായിരുന്നെന്നും ഫസീല പറയുന്നു.
കുവൈത്തിൽ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ആദ്യം ഖാലിദിന്റെ വീട്ടിലും തുടർന്ന് ചില കുവൈത്ത് സ്വദേശികളുടെ വീട്ടിലും എത്തിക്കുകയും ഭക്ഷണവും വിശ്രമവും നൽകാതെ ജോലിയെടുപ്പിക്കുകയും ചെയ്തു.
രോഗം ബാധിച്ചപ്പോൾ ചികിത്സപോലും നൽകിയില്ല. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നും ഫസീല പറയുന്നു. ഫസീലയെ രക്ഷിക്കാൻ നോർക്ക റൂട്സ് വഴി ശ്രമം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നു ബന്ധുക്കൾ ആവശ്യപ്പെടുന്നു.